കുടിലബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ

കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ


കുടില ബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ

മഴുവെറിഞ്ഞ് കടലിനെ ഓടിച്ച് കടലിൻ്റെ മക്കളെ കാടുംകയറ്റി വിട്ട ശേഷം ഭാർഗവൻ വെട്ടിപ്പിടിച്ച മണ്ണിൽ പാർക്കാൻ കുറെ പൂണൂൽ ധാരികളെ കൊണ്ടുവന്നു എന്നാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ച ഐതിഹ്യം. തെളിവുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. വാമൊഴിയിലൂടെ പകർന്ന കഥയാണത്രേ.

അവർക്ക് താമസിക്കാൻ ഗ്രാമങ്ങളും ആരാധിക്കാൻ ക്ഷേത്രങ്ങളും പണിതുവെന്നും അങ്ങനെയൊരു ക്ഷേത്രം കോട്ടയത്തിനടുത്ത് പാക്കിൽ എന്ന സ്ഥലത്തും ഉയർന്നു എന്നും ഐതിഹ്യം.

കലിയുഗത്തിലെ ദേവനായ ധർമ്മശാസ്താവിൻ്റെ വിഗ്രഹപ്രതിഷ്ഠ നടത്തിയത് ത്രേതായുഗത്തിലെ അവതാരമായ പരശുരാമൻ ആണത്രേ. കാലഗണനയും കഥയും തമ്മിൽ പൊരുത്തമില്ലെന്ന സന്ദേഹം വേണ്ട, അവതാരങ്ങൾക്ക് എന്തും സാധ്യമാണ്. എന്നിരുന്നാലും വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചപ്പോൾ അത് ഉറയ്ക്കാതെ വന്നത്രേ.

അപ്പോൾ ഭാർഗവൻ കണ്ടു, ദാ ദൂരെ തീണ്ടാപ്പാടകലെ നിൽക്കുന്നു പാക്കനാർ.

"ടാ, പാക്കാ ഒന്നിങ്ങടു വരിക. ദാ ഇതങ്ങട് ഉറയ്ക്കിണില്യ... നീ ശ്രമണനല്ലേ, ഒന്നു ശ്രമിച്ചു നോക്ക്യേ...."

എന്താല്ലേ, ത്രേതായുഗത്തിലെ അവതാര പുരുഷൻ കലിയുഗ അവതാരത്തിൻ്റെ പ്രതിഷ്ഠ നടത്താൻ നേരം പുറമ്പോക്കിൽ നിന്ന ശ്രമണനായ പറയനെ സഹായത്തിനു വിളിച്ചൂന്ന്.

എന്തൊക്കെയോ പന്തികേട് തോന്നണുണ്ടോ ? 

സഹായത്തിന് ആരു വിളിച്ചാലും ( ആജ്ഞാപിച്ചതാണെങ്കിലും കഥയിൽ സഹായം ചോദിച്ചൂന്നല്ലേ പറയണത്) പറയൻ ചെല്ലും. സഹായിക്കും.

28 വട്ടം വിശ്വം മുഴുവൻ പരശു (മഴു) വുമായി കറങ്ങി നടന്ന് ക്ഷത്രിയ നിഗ്രഹം നടത്തി ബ്രാഹ്മണരെ സഹായിച്ച അവതാരം ക്ഷേത്രപ്രതിഷ്ഠയ്ക്ക് പാക്കനാരുടെ സഹായം ചോദിച്ചു എന്ന് പറയുമ്പം നിങ്ങൾക്ക് വിശ്വാസം വരണില്ല്യ, അല്ലേ? 

എന്നാൽ ചോദിച്ചു. എന്താ കാര്യം? പാക്കനാർ ബ്രാഹ്മണ പുത്രൻ ആണ്. വരരുചിയുടെ പുത്രൻ. അതു കൊണ്ട്പാക്കനാരുടെ മക്കളോ? എന്ന ചോദ്യം ആവശ്യമില്ല.)

എന്തായാലും പാക്കനാർ മടിച്ചു നിന്നില്ല, ശ്രീകോവിലിൽ കയറിച്ചെന്നു, നാലും കൂട്ടി മുറുക്കി, പ്രതിഷ്ഠയിൽ കൈവെച്ചു, പിന്നെ ഒരൊറ്റ ചാറ്റ് "ഇവിടെ പാർക്ക" 

അദ്ഭുതം പ്രതിഷ്ഠ ഉറച്ചു. ബ്രാഹ്മണർക്ക് സമാധാനം, ഭാർഗവരാമന് ആശ്വാസം. പിന്നെ പാക്കനാരോട് ഇങ്ങനെ പറഞ്ഞു. 

"ഈ സഹായം മലയാളക്കരയുള്ള കാലം ഓർക്കും. ഇതിനു പകരമായി ഒരവകാശം മാത്രം തരാം." 

നിങ്ങൾ വിചാരിച്ചു കാണും ക്ഷേത്രത്തിൽ ഒരവകാശം ആണെന്ന്. പറയരുടെ കൂടെ കഴിയുന്ന ബ്രാഹ്മണപുത്രൻ ആയാലും  പറയൻ തന്നെ. ക്ഷേത്രത്തിൽ ഒരവകാശവും കൊടുക്കേണ്ടതില്ല എന്ന് ഭാർഗവന് അറിയാം. 

"എല്ലാ വർഷവും കർക്കടകം ഒന്നു തൊട്ട് പതിനഞ്ചു വരെ ക്ഷേത്രപരിസരത്ത് മുറവും കൊട്ടയും ഒക്കെ വിൽക്കാൻ അവകാശം തന്നിരിക്കുന്നു. നീയും നിൻ്റെ സന്തതിപരമ്പരകളും ആ അവകാശം മുടക്കം വരാതെ വന്നു കയ്യാളുക."

എന്താ ഒരു കാവ്യനീതി... എന്താ ഒരു ഉദാര മനസ്ഥിതി... എന്താ ഒരു ധർമ നിഷ്ഠ.... ഉപകാരം ചെയ്തതിനു നൽകുന്ന മഹാ പ്രതിഫലം....

പ്രതിഷ്ഠ ഉറപ്പിക്കാൻ കൂടിയ പാക്കനാരുടെ തലമുറകളൊക്കെ എത്ര കാലം കഴിഞ്ഞാലും മുറവും കൊട്ടയുമായി വരുന്ന ആ സനാതനധർമ്മം സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരത്രേ.

പാക്കിൽ ക്ഷേത്രവും പാക്കനാരും കർക്കടക പക്കവാണിഭവും നീണാൾ വാഴട്ടെ. 

എ ആർ രാജേഷ് അതിരമ്പുഴ.

Comments

Popular posts from this blog

1. യമകവഗ്ഗ

2. അപ്പമാദവഗ്ഗ