8. സഹസ്സവഗ്ഗ

 

 ധമ്മപദം

8. സഹസ്സവഗ്ഗ 

(സഹസ്രവർഗം)


ശ്ലോകം 100

 സഹസ്സമപി ചേ വാചാ 
 അനത്ഥപദ സംഹിതാ 
 ഏകം അത്ഥപദം  സെയ്യോ 
 യം സുത്വാ ഉപസമ്മതി 


കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം വാക്കുകളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ വാക്കാണ് നല്ലത്. 


ശ്ലോകം 101
 
സഹസ്സമപി ചേ ഗാഥാ 
 അനത്ഥപദ സംഹിതാ 
 ഏകം ഗാഥാപദം സെയ്യോ
 യം സുത്വാ ഉപസമ്മതി 


കാതിലെത്തുന്ന അർത്ഥമില്ലാത്ത ആയിരം  പദ്യങ്ങളേക്കാൾ,  ആശ്വാസമേകുന്ന  ഒരൊറ്റ  വരിയാണ് നല്ലത്. 


 ശ്ലോകം 102

യോ ച ഗാഥാ സതം ഭാസേ 
 അനത്ഥപദ സംഹിതാ 
 ഏകം ധമ്മപദം സെയ്യോ
 യം സുത്വാ ഉപസമ്മതി 


ഉരുവിടുന്ന അർത്ഥമില്ലാത്ത പരശതം പദ്യങ്ങളേക്കാൾ,  കേൾക്കുന്നവർക്ക് ശാന്തിയും സമാധാനവും  പകരുന്ന ധമ്മപദം  തന്നെയാണ് ഏറ്റവും ശ്രേഷ്ഠം.


 ശ്ലോകം 103

യോ സഹസ്സം സഹസ്സേന, 
 സങ്ഗാമേ മാനുസേ ജിനേ 
 ഏകാഞ്ച  ജെയ്യമത്താനം, 
 സ വേ സങ്ഗാമജുത്തമോ 


ആയിരക്കണക്കിനാളുകളെ ആയിരം വട്ടം യുദ്ധത്തിൽ പരാജയപ്പെടുത്തുന്നതിനേക്കാൾ  ഉത്തമമായ വിജയം ഒരുവൻ സ്വയം തൻ്റെ മനസ്സിനെത്തന്നെ കീഴടക്കുന്നതു തന്നെയാണ്.


 ശ്ലോകം 104

അത്താ ഹവേ ജിതം സെയ്യോ 
 യാ ചായം ഇതരാ പജാ 
 അത്തദന്തസ്സ പൊസസ്സ, 
 നിച്ചം സഞ്ഞത ചാരിനോ 


മറ്റുള്ളവരുടെ മേലെ ജയം നേടുന്നതിനേക്കാൾ തന്നെത്തന്നെ കീഴടക്കുന്നതാണ് മഹത്തരം, എന്തെന്നാൽ ആത്മനിയന്ത്രണം ഉള്ളവന് മാത്രമേ ജീവിത വിജയം സുനിശ്ചിതമായിട്ടുള്ളൂ.


ശ്ലോകം 105

 നേവ ദേവോ ന ഗന്ധബ്ബോ, 
 ന മാരോ സഹ ബ്രഹ്മുനാ 
 ജിതം അപജിതം കയിരാ 
 തഥാരൂപസ്സ ജന്തുനോ 


സ്വന്തം മനസ്സിനെ കീഴടക്കിയ ഒരുവൻ്റെ വിജയത്തെ ഇല്ലാതാക്കാൻ  ദേവകൾക്കോ ഗന്ധർവ്വൻമാർക്കോ മൃത്യുവിനോ സ്രഷ്ടാവിനു  തന്നെയുമോ  കഴിയുകയില്ല. 


ശ്ലോകം 106

 മാസേ, മാസേ സഹസ്സേന, 
 യോ യജേത സതം സമം 
 ഏകഞ്ച ഭവിതത്താനം, 
 മുഹുത്തം അപി പൂജയേ 
 സാ യേ'വ പൂജനാ സെയ്യോ
 യഞ്ചേ വസ്സസതം ഹുതം 

ഒരു നൂറു വർഷക്കാലം  മാസം തോറും ആയിരകണക്കിനു  പുരോഹിതർക്ക് ദാനം ചെയ്യുന്നതിനേക്കാൾ, ആത്മസാക്ഷാൽക്കാരം നേടിയ ഒരു ഭിക്ഷുവിനെ അല്പനേരമെങ്കിലും സമുചിതമായി ആദരിക്കുന്നതു തന്നെയാണുത്തമം.



ശ്ലോകം 107

 യോ ച വസ്സസതം ജന്തു, 
 അഗ്ഗിം പരിചരേ വനേ 
 ഏകഞ്ച ഭവിതത്താനം, 
 മുഹുത്തം അപി പൂജയേ 
 സാ യേ'വ പൂജനാ സെയ്യോ
 യഞ്ചേ വസ്സസതം ഹുതം 

ഒരു നൂറു വർഷക്കാലം വനത്തിൽ  ഹോമാഗ്നി ജ്വലിപ്പിക്കുന്നതിനേക്കാൾ, ആത്മനിയന്ത്രണം നേടിയ ഒരു ഭിക്ഷുവിനെ, അല്പനേരമെങ്കിലും സമുചിതമായി ആദരിക്കുന്നതു തന്നെയാണുത്തമം.

ശ്ലോകം 108 

 യം കിഞ്ചി യിട്ഠം വ ഹുതം വ ലോകേ 
 സംവച്ഛരം യജേഥ പുഞ്ഞപേക്ഖോ, 
 സബ്ബം പി തം ന ചതുഭാഗമേതി, 
 അഭിവാദന ഉജ്ജുഗതേസു സെയ്യോ 

സത്യത്തിൻ്റെ മാർഗത്തിൽ ചരിക്കുന്നവനെ ആദരിക്കുന്നതിലൂടെ നേടാൻ കഴിയുന്ന പുണ്യത്തിൻ്റെ നാലിൽ ഒന്നു പോലും വരില്ല, ഒരാൾ ഒരു വർഷം മുഴുവൻ യാഗത്തിലൂടെ ദാനമായും ബലിയായും എന്തു തന്നെ  നൽകിയാലും  നേടാൻ കഴിയുന്ന പുണ്യം.


ശ്ലോകം 109

 അഭിവാദനസീലിസ്സ,
നിച്ചം വുദ്ധാപചായിനോ 
 ചത്താരോ ധമ്മ വദ്ധന്തി 
 ആയു വണ്ണോ സുഖം ബലം 

- - - - - - - -
അഭിവാദനസീലിസ്സ = സദ്ഗുണങ്ങളെ മാനിക്കുന്നവർക്ക്
നിച്ചം = നിശ്ചയമായും
വുദ്ധപചായിനോ  = വൃദ്ധരെ ആദരിക്കുന്ന
ചത്താരോ  = നാല്
വദ്ധന്തി = വർദ്ധിക്കും
ആയു = ആയുസ്സ്
വണ്ണ = നിറം, സൗന്ദര്യം
- - - - - - - -

നിശ്ചയമായും സദ്ഗുണങ്ങളെ മാനിക്കുന്നവർ  പ്രായമായവരെ യഥാവിധി ആദരിക്കുക തന്നെ ചെയ്യും.  മുതിർന്നവരെ  ആദരിക്കുന്നവർക്കു ആയുസ്സ് , സൗന്ദര്യം, സൗഖ്യം, ബലം  എന്നിവ നാലും  വർദ്ധിക്കുകയും ചെയ്യുന്നു.


ശ്ലോകം 110

 യോ ച വസ്സസതം  ജീവേ, 
 ദുസ്സീലോ അസമാഹിതോ 
 ഏകാഹം ജീവിതം സെയ്യോ, 
 സീലവന്തസ്സ ഝായിനോ 

അസാന്മാർഗിയായി യാതൊരു നിയന്ത്രണങ്ങളുമില്ലാതെ  നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലശീലങ്ങളുള്ളവനായി  ധ്യാനപൂർവം ഒരു ദിവസം ജീവിക്കുന്നതാണ് ഉത്തമം.

ശ്ലോകം 111

 യോ ച വസ്സസതം  ജീവേ, 
 ദുപ്പഞ്ഞോ അസമാഹിതോ 
 ഏകാഹം ജീവിതം സെയ്യോ, 
 പഞ്ഞവന്തസ്സ ഝായിനോ 

- - - - - - - - - - - - - - - - - - - - 
വസ്സസതം = നൂറു വർഷം
ജീവേ = ജീവിച്ചാലും
ദുസ്സീല = ദുശ്ശീലങ്ങളുള്ളവൻ, അസാൻമാർഗി
അസമാഹിതോ = നിയന്ത്രണങ്ങളില്ലാതെ
ഏകാഹ = ഒരു ദിവസം 
സെയ്യോ = അതിനേക്കാൾ
സീലവന്തു = സൻമാർഗി, സുശീലൻ
ഝായിനോ = ധ്യാനം ചെയ്യുന്നവൻ
ദുപ്പഞ്ഞ = വിഡ്ഢി
പഞ്ഞവന്തു = ബുദ്ധിമാൻ


ഒരു വിഡ്ഢി ആയി യാതൊരു മനോനിയന്ത്രണങ്ങളുമില്ലാതെ  നൂറു വർഷം ജീവിക്കുന്നതിനേക്കാൾഒരു ബുദ്ധിമാനായി  ധ്യാനപൂർവ്വം ഒരൊറ്റ ദിവസം ജീവിക്കുന്നതാണ് ഉത്തമം.



ശ്ലോകം 112

യോ ച വസ്സസതം  ജീവേ,
 കുസീതോ ഹീനവീര്യോ 
 ഏകാഹം ജീവിതം സെയ്യോ, 
 വീര്യം ആരഭതോ ദൽഹം 

നൂറു  വർഷം മടിയനായും ഉദാസീനനായും ആയി ജീവിക്കുന്നതിനേക്കാൾ
ഒരേയൊരു ദിവസം വീര്യവാനായും ഉർജ്ജസ്വലനായും ജീവിക്കുന്നതാണ് ഉത്തമം.

ശ്ലോകം 113

 യോ ച വസ്സസതം  ജീവേ, 
 അപസ്സം  ഉദയബ്ബയം 
 ഏകാഹം ജീവിതം സെയ്യോ, 
 പസ്സതോ ഉദയബ്ബയം 

എങ്ങനെയാണ് കാര്യങ്ങൾ ഉണ്ടാകുന്നതെന്നും നശിക്കുന്നതെന്നും മനസ്സിലാക്കാതെ ( ഉദയാസ്തമനങ്ങളറിയാതെ ) നൂറു വർഷം ജീവിക്കുന്നതിനേക്കാൾ ഒരേയൊരു ദിവസം അത് മനസ്സിലാക്കി ജീവിക്കുന്നതാണ് ഉത്തമം.

- - - - - - - - - -

അപസ്സ = ഗ്രഹിക്കാതിരിക്കുക
ഉദയബ്ബയം = ഉദയാസ്തമനങ്ങൾ,
ഉയർച്ചതാഴ്ചകൾ, വൃദ്ധിക്ഷയങ്ങൾ 
പസ്സ = ഗ്രഹിക്കുക, മനസ്സിലാക്കുക


ശ്ലോകം 114

 യോ ച വസ്സസതം  ജീവേ, 
 അപസ്സം അമതം പദം 
 ഏകാഹം ജീവിതം സെയ്യോ ,
 പസ്സതോ അമതം പദം 


അനശ്വരനായ ഒരുവനെ  അറിയാൻ  കഴിയാതെ നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത് അങ്ങനെയൊരുവനെ  അറിഞ്ഞ ശേഷം ഒരു ദിവസമെങ്കിലും ജീവിക്കുവാൻ കഴിയുന്നതാണ് .


ശ്ലോകം 115

 യോ ച വസ്സസതം  ജീവേ, 
 അപസ്സം ധമ്മമുത്തമം 
 ഏകാഹം ജീവിതം സെയ്യോ, 
 പസ്സതോ ധമ്മമുത്തമം 


ഉത്തമമായ ധമ്മത്തെ അറിയാതെ (സ്വീകരിക്കാൻ കഴിയാതെ) നൂറു  വർഷം ജീവിക്കുന്നതിനേക്കാൾ നല്ലത് ഉത്തമമായ ധമ്മത്തെ അറിഞ്ഞ (സ്വീകരിച്ച) ശേഷം ഒരു ദിവസമെങ്കിലും ജീവിക്കുവാൻ കഴിയുന്നതാണ്. 



Comments

Popular posts from this blog

1. യമകവഗ്ഗ

2. അപ്പമാദവഗ്ഗ

കുടിലബുദ്ധിയിൽ വിരിഞ്ഞ ഐതിഹ്യങ്ങൾ